25 July, 2026 12:30:56 PM
സെന്‍സസ് എടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി; വയോധികയുടെ സ്വർണമാല കവര്‍ന്നു; യുവതി പിടിയില്‍

തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ സ്വർണമാല കവർന്ന സംഭവത്തിൽ അയൽവാസിയായ യുവതി പിടിയിലായി. ചൂണ്ടൽ മേലെങ്കാവ് ചാണശ്ശേരി വീട്ടിൽ തങ്കമണി (80) ധരിച്ചിരുന്ന മൂന്നര പവൻ സ്വർണമാലയാണ് ലക്ഷ്യമിട്ടത്. പിടിവലിക്കിടെ മാലയുടെ പകുതി പൊട്ടിവീണതിനാൽ ശേഷിച്ച ഭാഗം മാത്രമാണ് പ്രതിയുടെ കൈവശമായത്.
വെള്ളിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. സെൻസസ് എടുക്കാനെന്ന പേരിൽ വീട്ടിലെത്തിയ യുവതി ആദ്യം ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കുടിക്കാൻ വെള്ളം ചോദിച്ചതിനെ തുടർന്ന് അടുക്കളയിലേക്ക് പോയ തങ്കമണിയെ പിന്തുടർന്ന പ്രതി, തല ചുമരിൽ ഇടിച്ച ശേഷം മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മകനും മരുമകളും ജോലിക്ക് പോയിരിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ തങ്കമണി ബഹളം വെച്ചതോടെ സമീപവാസികളും ബന്ധുക്കളും ഓടിയെത്തി യുവതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ തങ്കമണിയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.


