19 June, 2026 08:56:59 AM


ഭാര്യയെ മര്‍ദ്ദിച്ചതടക്കം രണ്ട് കേസുകള്‍; ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവെച്ചു



തൃശ്ശൂര്‍: ഭാര്യയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തുടര്‍ച്ചയായ രണ്ട് കേസുകള്‍ക്ക് പിന്നാലെ ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ ശ്രീകുമാര്‍ രാജിവെച്ചു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി കൈമാറി. കുടുംബപരമായ വിഷയത്തെ അനാവശ്യ വിവാദങ്ങളിലേക്കും വ്യക്തിഹത്യയിലേക്കും നയിക്കുന്നതും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്ന് ശ്രീകുമാര്‍ രാജി അറിയിച്ചുകൊണ്ടുള്ള കത്തില്‍ പരാമര്‍ശിക്കുന്നു. 

തന്റെ ചോരയ്ക്കായി ദാഹിക്കുന്നവര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെയാണ് ഭയപ്പെടുന്നത്. കഴിഞ്ഞ എട്ട് വര്‍ഷം സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നിന്നപ്പോഴും കേള്‍ക്കാത്ത ആരോപണമാണ് ഈ കഴിഞ്ഞ ഒരുവര്‍ഷമായ് കേള്‍ക്കുന്നതെന്നും ശ്രീകുമാര്‍ പറയുന്നു.

വീട്ടില്‍ വൈകി വന്നതിന്റെ വിരോധത്തില്‍ ഭാര്യയെ മര്‍ദ്ദിച്ചെന്ന പരാതിയിലായിരുന്നു ശ്രീകുമാറിനെതിരായ ആദ്യ കേസ്. നരഹത്യാശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. വൈകിട്ട് 7.30 ഓടെ വീട്ടിലെത്തിയത് ചോദ്യം ചെയ്ത് ഭാര്യയെ ശ്രീകുമാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. യുവതിയെ തടഞ്ഞുനിര്‍ത്തി 'നിന്റെ തോന്ന്യവാസത്തിന് കയറിവരാന്‍ ഇതെന്താ സത്രമാണോ' എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം എന്ന് ആരോപിക്കുന്നു. പിന്നാലെ ഇരുകരണത്തും ഇടതുകണ്ണിനും അടിച്ചുവെന്നും മുടിയില്‍ പിടിച്ചുവലിച്ചെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിക്കും കേസിനും പിന്നാലെ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു രണ്ടാമത്തെ കേസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921