17 June, 2026 02:23:48 PM
തൃശൂരിൽ 35 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ; പൊലീസ് വാഹനം ഇടിച്ചിടാൻ ശ്രമം

കുന്നംകുളം: പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് പെരുമ്പിലാവ് റോഡിൽ നിരീക്ഷണം ശക്തമാക്കിയത്.
സ്വിഫ്റ്റ് കാറിലെത്തിയ പ്രതികളോട് വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും നിർത്താതെ അമിതവേഗതയിൽ പാഞ്ഞുപോവുകയായിരുന്നു. തുടർന്ന് പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതികൾ ഡാൻസാഫ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷിന്റെ വാഹനത്തിൽ കാർ ഇടിപ്പിച്ചു. വലിയ അപകടമുണ്ടാക്കി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് സംഘം ഇവരെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
പിടിയിലായ സനൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി. ബാംഗ്ലൂരിൽ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പ്രതികളെ നിലവിൽ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.




