09 June, 2026 11:07:59 AM
മിന്നല്‍ ചുഴലി; നടത്തറയിൽ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം കടപുഴകി വീണു

തൃശൂര്‍: തൃശൂരില്‍ വിവിധയിടങ്ങളില്‍ മിന്നല്‍ ചുഴലി. പ്രധാനമായും വില്ലടം, ചേറൂര്‍, നട്ടത്തറ പ്രദേശങ്ങളിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. വില്ലടം മില്‍മയ്ക്ക് മുന്നിലും വില്ലേജ് ഓഫീസിന് മുന്നിലേക്കും മരം വീണു. ഈ സമയം സ്‌കൂള്‍ വാഹനങ്ങള്‍ അടക്കം റോഡിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരം വീണത് ഗതാഗതക്കുരുക്കിന് കാരണമായി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു.
തൃശൂർ നടത്തറയില്‍ സ്കൂൾ കെട്ടിടത്തിനു മുന്നിലെ കാർ പാർക്കിംഗ് ഏരിയയില്‍ വൻമരം കടപുഴകി വീണ് അപകടം. ഒന്നിലധികം മരങ്ങളാണ് കടപുഴകി വീണത്. തൃശൂർ നടത്തറ പൂച്ചട്ടി ഭവൻസ് സ്കൂളിലാണ് മരം വീണത്. സ്കൂളിലെ എൽകെജി സെക്ഷന് മുന്നിലായിരുന്നു സംഭവം.രക്ഷിതാക്കളുടെ വാഹനങ്ങളുടെ മുകളിലേക്കാണ് മരം വീണത്. നിരവധി വാഹനങ്ങൾക്ക് അപകടത്തിൽ തകർച്ച സംഭവിച്ചിട്ടുണ്ട്.




