08 June, 2026 09:44:00 AM


ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്



മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്ദനാവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഫിലിപ്പീന്‍സിന്റെയും ഇന്തോനേഷ്യയുടെയും ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, പലാവു, തായ്വാന്‍, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിലെ ചില തീരപ്രദേശങ്ങളില്‍ വ്യാപകമായി അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകുമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായേക്കാമെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി.

നിലവില്‍ കടലിലുള്ള ബോട്ടുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഴക്കടലില്‍ തന്നെ തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയിലെ ഒരു പൊലീസ് കെട്ടിടത്തിൽ വിള്ളലുകൾ ഉണ്ടായതായി ഫിലിപ്പീൻസിലെ സാരംഗാനിയിലെ അലബേൽ പട്ടണത്തിലെ പൊലീസ് മേധാവി ബെഞ്ചി അഞ്ചെറ്റ പറഞ്ഞു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ ശക്തമായ ഭൂചലനത്തെ തുടർന്ന് ചിലർ ബോധരഹിതരായെന്നും ബെഞ്ചി റോയിട്ടേഴ്സിനോട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935