04 June, 2026 06:02:20 PM
വിയ്യൂർ ജയിലിൽ കുഴഞ്ഞു വീണ റിമാൻഡ് പ്രതി മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം

തൃശൂർ: വിയ്യൂർ സബ് ജയിലിൽ കുഴഞ്ഞു വീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തൃശൂർ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബു ആണ് മരിച്ചത്. കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലിൽ കുഴഞ്ഞു വീണത്. ഇന്നലെ ഉച്ചയോടെയാണ് രേഷ് ബാബു മരിച്ചത്. തൃശൂർ ടൗണിൽ വഴിയാത്രക്കാരന്റെ വാച്ചും ഫോണും പണവും കവര്‍ന്ന കേസില്‍ കഴിഞ്ഞ പതിനേഴാം തീയതിയാണ് നാലുയുവാക്കളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിലൊരാള്‍ ആയിരുന്നു പുലക്കാട്ടുകര സ്വദേശിയായ രേഷ് ബാബു. കേസിൽ പ്രതിയായതിന് പിന്നാലെയാണ് സുരേഷ് ബാബു റിമാൻഡിലാകുന്നത്.
രേഷിന് ജയിലിൽ മർദനമേറ്റിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് രേഷ് ബാബു. രേഷ് ബാബുവിനെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ബന്ധുക്കൾ ചെന്നപ്പോൾ ഇയാൾക്ക് മർദനമേറ്റതായി സംശയം തോന്നിയിരുന്നു. മുഖത്തും ചുണ്ടിൻ്റെ ഭാഗത്തുമെല്ലാം നീര് വന്ന നിലയിലാണ്ടായിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. ജയിലധികൃതരോട് ചോദിച്ചപ്പോൾ ആദ്യം ഇദ്ദേഹം ജയിലിൽ ബാത്തൂറൂമിൽ പോകുന്ന വഴിയിൽ സാമ്പ്രാണി പോലൊരു വസ്തു എടുത്ത് കടിച്ചുവെന്നും തുടർന്ന് ചുണ്ടിൻ്റെ ഭാഗത്ത് നിന്ന് രക്തം വന്നതായും രക്തം ഛർദിച്ചതായും വിശദീകരണം നൽകി. രക്തത്തിൽ പ്ലേറ്റ്ലെറ്റിൻ്റെ എണ്ണത്തിൽ കുറവ് വന്നതായും ഇതേ തുടർന്നാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




