26 May, 2026 07:30:49 PM
വാഗമണില്‍ വിനോദസഞ്ചാരികളെ വഞ്ചിച്ച് വനംവകുപ്പിന്‍റെ വന്‍തട്ടിപ്പ്

വാഗമണ്‍: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വനശ്രീ എക്കോഷോപ്പില്‍ ഉപഭോക്താക്കളെ പിഴിഞ്ഞ് വന്‍ തട്ടിപ്പ്. പാക്കിംഗ് തീയതി, കാലാവധി, വില ഇവയൊന്നും തന്നെ കൃത്യമായി രോഖപ്പെടുത്താത്ത കവറുകളിലാണ് വന ഉത്പന്നങ്ങള്‍ എന്ന പേരില്‍ ഇവിടെ കച്ചവടം നടക്കുന്നത്. അതും തീരെ നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍. വനംവകുപ്പിന്‍റെ ഔട്ട്ലെറ്റായതിനാല്‍ നല്ല നിലവാരമുള്ള സാധനങ്ങള്‍ വാങ്ങാമെന്ന് കരുതിയെത്തുന്നവരാണ് തട്ടിപ്പിനിരയാകുന്നത്.
സംസ്ഥാന വനം വകുപ്പിന്‍റെതായി വാഗമണ്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന എക്കോഷോപ്പില്‍ എത്തി സാധനങ്ങള്‍ വാങ്ങുന്ന വിനോദസഞ്ചാരികള്‍ ശരിക്കും വഞ്ചിതരാകുകയാണ്. കോട്ടയം ഡിവിഷന്‍റെ എരുമേലി റേഞ്ചിന് കീഴിലുള്ള വഴിക്കടവ് ചെക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് വനശ്രീ എക്കോഷോപ്പ് & കഫറ്റേരിയ എന്ന സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ദിവസം ഇവിടെ കയറി ഏലയ്ക്കാ വാങ്ങാന്‍ ശ്രമിച്ച ഒരു വിനോദസഞ്ചാരിയ്ക്ക് ഉത്പന്നം കണ്ട് നിലവാരത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കവറിന് പുറത്ത് പായ്ക്കിംഗ് തീയതിയോ കാലാവധിയോ വിലയോ ഒന്നും രേഖപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം തൂക്കം സ്കെച്ച് പേനകൊണ്ട് എഴുതി വെച്ചിട്ടുണ്ട്. ആര്‍ക്കും വായിക്കാന്‍ പറ്റാത്ത രീതിയില്‍ വില മറ്റൊരിടത്തും രേഖപ്പെടുത്തിയിരിക്കുന്നു. മറയൂര്‍ ചന്ദന ഡിവിഷനില്‍നിന്നുള്ള ഉത്പന്നമായാണ് കവറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പുല്‍തൈലം, തേയില തുടങ്ങിയ ഉത്പന്നങ്ങള്‍ പലത് പരിശോധിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. വിലയും തൂക്കവും ഒന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ ബില്ലില്‍ എഴുതിതരും എന്നായിരുന്നു മറുപടി. വനംവകുപ്പിന്‍റെതെന്ന പേരില്‍ പ്രാദേശികമായി വാങ്ങിവെക്കുന്ന സാധനങ്ങളും ഇവിടെ വില്‍ക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇത് ശരിവെക്കുന്നതാണ് ഇവിടെയുള്ള സാധനങ്ങളും ജീവനക്കാരുടെ പെരുമാറ്റവുമെന്ന് വിനോദസഞ്ചാരികളും പറയുന്നു.




