27 June, 2026 10:19:10 AM
മൂവാറ്റുപുഴയാറ്റിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

പിറവം മൂവാറ്റുപുഴയാറ്റിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. മൂവാറ്റുപുഴ സ്വദേശിനിയും കാഴ്ച പരിമിതിയുള്ളയാളുമായ ബിജി, ഇവരുടെ ഒരു വയസ്സുള്ള മകളുമാണ് മരിച്ചതെന്ന് വ്യക്തമായി. എന്നാൽ, ബിജിയുടെ ഭർത്താവിനെയും ആറ് വയസ്സുകാരിയായ മൂത്ത മകളെയും കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിക്കാത്തത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി മൃതദേഹങ്ങൾ കരയ്ക്ക് മാറ്റി. പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയത്. അപകടത്തിൽ പെട്ടതാണോ അതോ ആത്മഹത്യ ആണോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് വ്യക്തമല്ല.




