27 April, 2026 05:40:50 PM
കുരുന്നുകൾക്ക് ആശ്വാസമേകി ഏറ്റുമാനൂർ പി & ജെ ട്രേഡിംഗ് കമ്പനിയുടെ ഉദ്ഘാടനം

ഏറ്റുമാനൂര്‍: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള ഒരു ഉദ്ഘാടനത്തിന് ഏഴരപൊന്നാനകളുടെ നാട് ഇന്ന് സാക്ഷ്യം വഹിച്ചു. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ 'പി & ജെ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനി' എന്ന പേരില്‍ നവീകരിച്ച സ്ഥാപനത്തിന്‍റെ ഉദ്ഘാടനമാണ് നഗരസഭാ പരിധിയിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, എൽ പി സ്കൂളുകളിലെ നിർധനരായ വിദ്യാർഥികൾക്ക് സ്കൂൾ ബാഗും പുസ്തകങ്ങളും നൽകികൊണ്ട് വ്യത്യസ്തമായത്.

ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ ഫിലിപ് ജോസഫ് മണിയാലിൽ ആണ് വ്യാപാരം ലാഭം മാത്രം ഉദ്ദേശിച്ചല്ല, അവശതയനുഭവിക്കുന്നവർക്ക് കരുതലായി മാറാനുമാകണം എന്ന സന്ദേശവുമായി സമൂഹത്തിന് മാതൃകയായി മാറിയത്.

മന്ത്രി വി.എന്‍.വാസവൻ ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ വൈസ് ചെയർ പേഴ്സൺ പുഷ്പകുമാരി അധ്യക്ഷയായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., മോന്‍സ് ജോസഫ് എംഎൽഎ, നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി യു തോമസ്, ചലച്ചിത്രനിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫൻ, താരങ്ങളായ വിന്‍സി അലോഷ്യസ്, ജോസുകുട്ടി ജേക്കബ്, സ്റ്റീവ് സ്റ്റീഫന്‍, സെന്‍റ് ജോസഫ്സ് പള്ളി വികാരി ലൂക്ക് കരിമ്പിൽ, ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആതിര ഡി നായര്‍, യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷ്, കൗൺസിലർമാരായ രശ്മി ശ്യാം, ഇ എസ് ബിജു, സൂസി തോമസ് (അന്നമ്മ) തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂരിൽ വിവിധ തുറകളിൽ സേവനമനുഷ്ഠിച്ച വ്യക്തികളെ യോഗത്തിൽ ആദരിച്ചു.

നാല് പതിറ്റാണ്ടായുള്ള പ്രവാസജീവിതത്തിനു ശേഷമാണ് ഫിലിപ്പ് നാട്ടില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. "ജീവിതമാണ് എന്‍റെ സന്ദേശം" എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഉള്‍കൊണ്ടുകൊണ്ടാണ് ജീവിതത്തില്‍ സമൂഹത്തിനായി എന്തെങ്കിലും അടയാളപ്പെടുത്തണം' എന്ന രീതിയിൽ താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ലുലു മാൾ സ്ഥാപകൻ എം.എ യൂസഫലിയും നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി.യു. തോമസുമാണ് തൻ്റെ റോൾ മോഡലെന്നും സ്ഥാപനമുടമ ഫിലിപ്പ് ജോസഫ് പറഞ്ഞു.
ഏറ്റുമാനൂരില്‍ ഹാർഡ്‌വെയര്‍ വിപണനരംഗത്ത് 1967ൽ വെട്ടൂര്‍ പെയിന്‍റ്സ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനമാണ് പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് പി & ജെ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് എന്ന പേരില്‍ പുതുക്കിയ ഊർജവും വിശാലമായ സേവനങ്ങളുമായി രംഗപ്രവേശം ചെയ്തിരിക്കുന്നതെന്ന് ഫിലിപ്പ് ജോസഫ് പറഞ്ഞു. സ്ഥാപനത്തിന്‍റെ പുതിയ ശാഖ കുറുമുള്ളൂരിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.




