28 May, 2026 07:45:17 PM
പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയിൽ മുങ്ങി മരിച്ചു

കൊച്ചി: പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡലായ യുവാവ് പാറമടയിൽ മുങ്ങി മരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു വെള്ളത്തിൽ നീന്താൻ ശ്രമിക്കവേ ആണ് അപകടം സംഭവിച്ചത്.
കഴിഞ്ഞ 20 വർഷത്തിലേറെയായി പ്രവർത്തനം നിലച്ചു കിടക്കുന്ന പാറമടയിലെ വെള്ളക്കെട്ടിൽ വീണാണ് മരണം സംഭവിച്ചത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഡല്‍ഹി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം ഇവിടെ എത്തിയത്. നാളെ ഷൂട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തിൽ ഉൾപ്പെട്ട പ്രധാന മോഡലാണ് മരണമടഞ്ഞ യുവാവ്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഇവർ ഷൂട്ടിങ്ങിന് എത്തിയത്. ഈ പാറമടയുടെ ആകാശദൃശ്യങ്ങൾ റിൽസിൽ കണ്ട പരിചയമാണ് സംഘത്തെ ഇവിടേക്ക് എത്തിച്ചത്. ഉടൻതന്നെ പെരുമ്പാവൂർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം പിന്നീട് പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോടനാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇതിനുമുൻപും ഈ പാറമടയിലെ വെള്ളത്തിൽ വീണ് യുവാക്കൾ മരണമടഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനുശേഷം പ്രവേശനം നിരോധിച്ചിരുന്ന സ്ഥലത്താണ് ഇപ്പോൾ അപകടം ഉണ്ടായിട്ടുള്ളത്.




