12 April, 2026 10:22:34 AM


കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം



ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാപാര വ്യവസായി ഏകോപന സമിതി നേതാവ് സിനില്‍ സവാദിനെതിരെയാണ് പരാതി. വാഹനത്തില്‍ കയറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായി കൊല്ലം സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് പരാതി നല്‍കിയത്. ഏപ്രില്‍ നാലിന് അര്‍ധരാത്രി കായംകുളം കെപിഎസി ജംഗ്ഷനിലായിരുന്നു അപകടം. സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്തു. പ്രതിയെ നോട്ടീസ് നല്‍കി വിട്ടയച്ചു.

പൊലീസ് പറയുന്നത് പ്രകാരം, കൊല്ലം സ്വദേശിയായ യുവതിയും കൂട്ടുകാരിയും അവരുടെ രണ്ട് മക്കളും ഭര്‍ത്താവുമൊത്ത് മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി പോയി. തിരികെ വരുന്നതിനിടെ കെപിഎസി ജംഗ്ഷില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയവരില്‍ ഒരാളായിരുന്നു സിനില്‍ സവാദ്. ഇയാളും മറ്റ് ആളുകളും ചേര്‍ന്ന് മറ്റൊരു പെട്ടി ഓട്ടോറിക്ഷയില്‍ പരാതിക്കാരിയായ യുവതിയെയും കുട്ടികളെയും കയറ്റി. അതിനിടെ കക്ഷത്തിലൂടെ കൈയിട്ട് മാറിടത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

രണ്ടും മൂന്നും തവണ ലൈംഗികാതിക്രമം കാട്ടിയെന്നും പരാതിയില്‍ പറയുന്നുണ്ട്. പൊലീസ് ഇയാളെ ആദ്യഘട്ടത്തില്‍ ചോദ്യംചെയ്‌തെങ്കിലും മനപ്പൂര്‍വ്വമല്ല രക്ഷാപ്രവര്‍ത്തനത്തിനിടെ സംഭവിച്ചതാണ് എന്നായിരുന്നു സവാദിന്റെ വാദം. പൊലീസ് കേസെടുത്തെങ്കിലും മതിയായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല എന്നാണ് യുവതി ആരോപിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K