29 March, 2026 07:55:00 PM


മാപ്പ് എഴുതി നൽകി; ലാലി ജയിംസ് വീണ്ടും കോൺഗ്രസിൽ



തൃശൂർ: തൃശൂർ കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസ് വീണ്ടും കോൺഗ്രസിലേക്ക്. യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലനൊപ്പം കോൺഗ്രസിനായി പ്രവർത്തിക്കുമെന്ന് ലാലി ജെയിംസ് പറഞ്ഞു. നേരത്തെ ഉയർത്തിയ വിഷയങ്ങളിൽ പാർട്ടി നേതാക്കൾക്ക് അവമതിപ്പുണ്ടാക്കിയതിൽ ഖേദം ഉണ്ടെന്നും ലാലി ജെയിംസ് പറഞ്ഞു. മുൻകാല വിവാദ പരാമർശങ്ങളിൽ ലാലി ജെയിംസ് ഖേദം പ്രകടിപ്പിക്കുകയും കെപിസിസിക്ക് മാപ്പ് എഴുതി നൽകുകയും ചെയ്തു.

ശക്തമായ മത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ ലാലി ജെയിംസിൻ്റെ പങ്കാളിത്തം പ്രചാരണ പ്രവർത്തനങ്ങളിൽ കോൺഗ്രസിന് ആവശ്യമുണ്ടെന്നതിനാൽ തന്നെയാണ് തിരികെ കൊണ്ടുവരാനുള്ള നീക്കം നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്ന് സജീവമായത്. നേരത്തെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തിലും സ്ഥാനാർഥിത്വത്തിൽ നിന്ന് തഴഞ്ഞതിലും ലാലി അതൃപ്തിയും വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു. ഡിസിസി പ്രസിഡൻ്റ് കോർപ്പറേഷൻ പ്രതിപക്ഷ നേതാവായ രാജൻ പല്ലൻ, കെ.സി. വേണുഗോപാൽ തുടർങ്ങിയവർക്കെതിരെ ലാലി ജെയിംസ് നിരവധി വിമർശനങ്ങളുയർത്തിയിരുന്നു.

മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജസ്റ്റിൻ പണപ്പെട്ടിയുമായി കോൺഗ്രസ്‌ നേതാക്കളെ കണ്ടെന്നും പണമില്ലാത്തതിനാലാണ്‌ താൻ തഴയപ്പെട്ടതെന്നുമാണ് ലാലി ആരോപിച്ചിരുന്നത്. വൈറ്റ് കോളറായി കടന്ന് വന്നുവെന്നല്ലാതെ പാർട്ടിയുടെ ഏതെങ്കിലും സമരമുഖങ്ങളിൽ നിജി ജസ്റ്റിൻ ഉണ്ടായിരുന്നോ എന്നും ലാലി ജെയിംസ് ചോദിച്ചിരുന്നു. പാർട്ടി തന്നെ തഴഞ്ഞതിൽ കടുത്ത വേദനയുണ്ടെന്നും ലാലി ജെയിംസ് പ്രതികരിച്ചിരുന്നു. തുടർന്ന് താൻ പാർട്ടി ചുമതലകളിൽ നിന്ന് മാത്രമാണ് രാജി വയ്ക്കുന്നത്, പാർട്ടിക്ക് പുറത്ത് പോകില്ലെന്നും, തന്നെ പുറത്താക്കിയാൽ തിരികെ വരാൻ ശ്രമിക്കില്ലെന്നും ലാലി പ്രതികരിച്ചിരുന്നു. വിവാദത്തിന് പിന്നാലെ ലാലി ജെയിംസിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍റ് ചെയ്യുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953