24 February, 2026 04:33:11 PM
നവജാത ശിശു മരിച്ചു; കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ കേസ്

ആലപ്പുഴ: കായംകുളത്ത് നവജാത ശിശു മരിച്ചു. അജീഷ്- അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു പ്രസവം. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി, കായംകുളം കല്ലുംമൂട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
അതുല്യയ്ക്ക് 24 നായിരുന്നു പ്രസവതീയതി കുറിച്ചു നല്‍കിയിരുന്നത്. എന്നാല്‍ വയറുവേദന ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ സിസേറിയന്‍ നടത്തി. എന്നാല്‍ ഹാര്‍ട്ട് ബീറ്റ് കുറവാണെന്നും, വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
എന്നാല്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുമ്പേഴേക്കും കുഞ്ഞ് മരിച്ചിരുന്നു. അതുല്യയ്ക്ക് 22 -ാം തീയതി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു വന്നിരുന്നു. വേദനയ്ക്കുള്ള മരുന്നു നല്‍കി തിരികെ വിടുകയായിരുന്നു. അന്ന് അഡ്മിറ്റ് ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് അജീഷ് പറഞ്ഞു.




