27 January, 2026 12:00:28 PM
ശബരിമലയിൽ മകരവിളക്ക് ദിവസം സിനിമ ഷൂട്ടിംഗ്: അനുരാജ് മനോഹറിന് എതിരെ കേസ്

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് ദിനത്തിൽ സിനിമ ഷൂട്ടിംഗ്നടത്തിയതിൽ സംവിധായകൻ അനുരാജ് മനോഹറിന് എതിരെ കേസെടുത്ത് വനംവകുപ്പ്. പത്തനംതിട്ട റാന്നി ഡിവിഷനാണ് കേസെടുത്തത്. പമ്പയിലാണ് ചിത്രീകരണം നടത്തിയത് എന്നായിരുന്നു സംവിധായകന്റെ വാദം. വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.
സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ്, വിലക്കുകൾ ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് ഷൂട്ട് ചെയ്തു എന്ന് പരാതി ഉയർന്നിരുന്നു. സംഭവത്തിൽ ദേവസ്വം വിജിലൻസ് എസ്പി യോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ നിർദേശിക്കുകയും ചെയ്തിരുന്നു. പമ്പ പശ്ചാത്തലമായ സിനിമയുടെ ഷൂട്ടിങ് ആയിരുന്നു നടന്നത്.
ഷൂട്ടിംഗ് അനുമതി തേടി സിനിമയുടെ അണിയറ പ്രവർത്തകർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ നേരത്തെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവു ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് അനുമതി നൽകാതിരുന്നത്. ശേഷം ശബരിമലയിലെ സുരക്ഷാ ചുമതലയിലുള്ള എഡിജിപിയുമായി സംസാരിച്ച് പമ്പയിൽ വെച്ച് മാത്രമാണ് ഷൂട്ട് ചെയ്തത് എന്നാണ് അനുരാജ് മനോഹറിന്റെ വാദം.




