28 May, 2025 12:03:25 PM
ഇടപ്പള്ളിയിൽ നിന്നും 13കാരനെ കാണാതായ സംഭവം; ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരൻ കസ്റ്റഡിയിൽ

തൊടുപുഴ: കൊച്ചി ഇടപ്പള്ളിയിൽ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കാണാതായ കുട്ടിയെ തൊടുപുഴയിൽ നിന്നും ബുധനാഴ്ച രാവിലെ കണ്ടെത്തിയിരുന്നു.
കുട്ടി തന്റെ കൂടെയുണ്ടെന്ന് കൈനോട്ടക്കാരനായ ശശികുമാർ അറിയിച്ചതിനെത്തുടർന്നാണ് രക്ഷിതാക്കളും പൊലീസും സ്ഥലത്തെത്തുന്നത്. തലേദിവസം മുതൽ കുട്ടി ഇയാൾക്കൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടിയെ ഇയാൾ ദേഹോപദ്രവം നടത്തിയതായും സൂചനയുണ്ട്. ഇയാൾക്കെതിരേ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും.
ചൊവ്വാഴ്ച രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷയ്ക്ക് പോയ എറണാകുളം കൊച്ചുകടവന്ത്ര സ്വദേശിയായ പതിമൂന്നുകാരനെയാണ് കാണാതായത്. പരീക്ഷ നേരത്തെ എഴുതി തീർത്ത കുട്ടി ഒൻപതരയോടെ സ്കൂളിൽ നിന്ന് പോന്നതായി അധ്യാപകർ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും കുട്ടി വീട്ടിലെത്താതായതോടെയാണ് രക്ഷിതാക്കൾ സ്കൂളുമായി ബന്ധപ്പെടുന്നത്. തുടർന്നാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്.