16 September, 2026 07:27:57 PM
മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം; പ്രതി പിടിയിൽ

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർമാണത്തിലിരിക്കുന്ന തറവാട് വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. മുർഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം പൈങ്ങോട്ടൂരിൽ നിർമാണം പുരോഗമിക്കുന്ന എംഎൽഎയുടെ വീട്ടിൽ നിന്നാണ് അരലക്ഷത്തോളം രൂപ വിലവരുന്ന ഇലക്ട്രിക് വയറിങ് കേബിളുകൾ മോഷണം പോയത്. കെട്ടിടത്തിന്റെ നിർമാണം ഏറ്റെടുത്ത കരാറുകാരനാണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്.
ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. വീടിന്റെ ഇലക്ട്രിക് മെയിൻ ബോർഡുമായി ബന്ധിപ്പിച്ച് സൂക്ഷിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന വയറുകളാണ് നഷ്ടപ്പെട്ടത്. ജീൻസും ടീഷർട്ടും ധരിച്ച യുവാവ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പ്രദേശത്ത് സമാനമായ രീതിയിലുള്ള മോഷണങ്ങൾ വ്യാപകമാകുന്നതായും പരാതിയുണ്ട്.


