12 September, 2026 09:34:27 AM


അടിമാലിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

 

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ രാസവസ്തു ഉള്ളില്‍ ഒരു വയസ്സ് പ്രായമുള്ള ഇരട്ട കുട്ടികള്‍ മരിച്ചു. ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി വലിയകാട്ടില്‍ അഫ്‌സല്‍ - സാന്ദ്ര ദമ്പതികളുടെ മക്കളായ റിഹാന്‍, ഇഹാന്‍ എന്നിവരാണ് മരിച്ചത്. തിന്നര്‍ കുട്ടികളുടെ ഉള്ളില്‍ ചെന്നെന്ന് സംശയിക്കുന്നതായി പിതാവ് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്. കഴിഞ്ഞ രാത്രി കറണ്ട് പോയ സമയത്ത് അഫ്‌സല്‍ വീട്ടിലെ ഒരു മുറിയില്‍ വിശ്രമിക്കുകയായിരുന്നു ഇതിനിടെ ഭാര്യ ഓടി എത്തുകയും കുട്ടികളുടെ ശരീരത്ത് നീല നിറത്തില്‍ എന്തോ പറ്റിയിരിക്കുന്നു എന്നും പെയിന്റിന്റേതു പോലെയുള്ള മണമുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുട്ടികളെ അടിമാലിയിലെ ആശുപത്രികളിലേക്ക് എത്തിച്ചു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

എന്നാല്‍ സ്റ്റൊമക് വാഷ് അടക്കം നടത്തിയ ആശുപത്രി അധികൃതര്‍ പറയുന്നത് വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ്. ഇതേ തുടര്‍ന്ന് അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു.മൊഴിയില്‍ വൈരുധ്യമുള്ളതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ഒഴുവത്തടത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ദമ്പതികള്‍ തമ്മില്‍ കുടുംബപ്രശ്‌നം ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925