14 October, 2026 01:22:13 PM


പണം നല്‍കാത്തതിന് പങ്കാളിയുടെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍



കളമശേരി: പങ്കാളിയുടെ നഗ്നചിത്രങ്ങളടക്കമുള്ള സ്വകാര്യ ദൃശ്യങ്ങളും ഫോൺ നമ്പറും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ഉമർ ഫാറൂഖിനെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. പണം നൽകാൻ വിസമ്മതിച്ചതിലുള്ള വിരോധം മൂലമാണ് പ്രതി കൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി യുവതിയോടൊപ്പം താമസിച്ച് വരികയായിരുന്നു ഉമർ ഫാറൂഖ്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഈയടുത്ത് ഇയാൾ യുവതിയോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ അവർ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായാണ് തന്റെ പക്കലുണ്ടായിരുന്ന യുവതിയുടെ സ്വകാര്യ ദൃശ്യങ്ങളും ഫോൺ നമ്പറും സഹിതം പ്രതി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇതിനെത്തുടർന്ന് യുവതിയുടെ ഫോണിലേക്ക് നിരവധി അപരിചിത കോളുകളും സന്ദേശങ്ങളും വരാൻ തുടങ്ങി. മാനസിക ബുദ്ധിമുട്ടിലായ യുവതി ഉടൻ തന്നെ കളമശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936