16 September, 2026 12:54:46 PM


കളിക്കിടെ അബദ്ധത്തിൽ കമ്പികൊണ്ട് അടിയേറ്റു: കുമളിയിൽ പ്ലസ്ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്



ഇടുക്കി: കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വിദ്യാര്‍ത്ഥിക്ക് കമ്പികൊണ്ട് അടിയേറ്റു. കുമളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായ ശരണിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിന് കുമളി സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുളള കെട്ടിടത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

സുഹൃത്തുക്കളുമൊത്ത് ഫുട്‌ബോള്‍ കളിച്ചശേഷം സമീപത്തെ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേയക്ക് കയറുന്നതിനിടെ മുന്നില്‍ നടന്നിരുന്ന സുഹൃത്ത് നിലത്തു കിടന്നിരുന്നു ഇരുമ്പു കമ്പി എടുത്ത് വീശിയപ്പോള്‍ ശരണിന്‍റെ തലയ്ക്ക് കൊളളുകയായിരുന്നു. കമ്പികൊണ്ട് ആഴത്തിൽ മുറിവേറ്റ് മുഖത്തും തലയിലും രക്തം വാർന്ന നിലയിലായിരുന്നു ശരൺ. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നൽകിയതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ സുഹൃത്തുക്കളെ കുമളി പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൂട്ടുകാർ തമാശയായി കമ്പികൊണ്ട് കളിച്ചപ്പോൾ അബദ്ധത്തിൽ പരിക്കേറ്റതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ എന്താണ് നടന്നതെന്ന് കൃത്യമായി വ്യക്തമാകൂ എന്ന് പോലീസ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924