29 September, 2026 10:13:02 AM
ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സ്ത്രീയുടെ കൈയിൽ കടിച്ച് രക്ഷപ്പെട്ടു

പിറവം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. മിഠായി തരാമെന്ന് പറഞ്ഞ് സമീപത്തേക്ക് വിളിച്ച സ്ത്രീ കുട്ടിയെ മുടിയിൽ പിടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീയുടെ കൈയിൽ കടിച്ച് പിടിവിടുവിച്ചാണ് പെൺകുട്ടി രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് മണീട് നെച്ചൂരിൽ സംഭവം.
വെട്ടിക്കലിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി സ്കൂൾ ബസിൽ മണീട് വൈ.എം.സി.എ.-പുത്തൻനട റോഡിലെ ചെമ്മങ്കഴിത്താഴത്ത് ഇറങ്ങിയ ശേഷം അടുത്തുള്ള വീട്ടിലേക്ക് പോകാൻ റോഡ് കുറുകെ കടക്കുന്നതിനിടെയാണ് സ്ത്രീ സമീപത്തെത്തിയത്. മിഠായി തരാമെന്ന് പറഞ്ഞ് വിളിച്ചെങ്കിലും കുട്ടി നിരസിച്ച് മുന്നോട്ടുപോയി. പിന്നാലെയെത്തിയ സ്ത്രീ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതോടെ പെൺകുട്ടി തിരിഞ്ഞ് കൈയിൽ കടിച്ച് പിടിവിടുവിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് സ്ത്രീ തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറി സ്ഥലത്തുനിന്ന് പോയെന്നാണ് പെൺകുട്ടി നൽകിയ മൊഴി. കുട്ടി ഓടി വീട്ടിലെത്തി വിവരം അറിയിച്ചതോടെ വീട്ടുകാർ വാർഡംഗം പി.ഐ. ഏലിയാസിനെ വിവരം അറിയിച്ചു. തുടർന്ന് ഏലിയാസാണ് പിറവം പൊലീസിൽ വിവരം നൽകിയത്. പൊലീസ് കേസെടുത്ത് സ്ഥലത്തെത്തി പരിശോധന നടത്തി.
മധ്യവയസ്‌കയായ സ്ത്രീയാണ് മുടിയിൽ പിടിച്ചതെന്നും മഞ്ഞ നിറത്തിലുള്ള സാരിയാണ് ധരിച്ചിരുന്നതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. വൈകീട്ട് പൊലീസ് സംഘം വീണ്ടും സ്ഥലത്തെത്തി സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. ഇതിനിടെ ഇത്തരത്തിലുള്ള ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും രാവിലെ മുതൽ പ്രദേശത്ത് കണ്ടിരുന്നതായി ഓട്ടോറിക്ഷാ തൊഴിലാളികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


