08 October, 2026 12:10:09 PM
സ്ത്രീയുണ്ടെന്ന ധൈര്യത്തിൽ പോയി, ഏറ്റവും ക്രൂരത കാട്ടിയത് ശരണ്യ- കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ അതിജീവിത

കളമശ്ശേരി : കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ അതിജീവിതയായ യുവതി നേരിട്ടത് അതിക്രൂര പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അമ്മു എന്ന പേരിൽ അറിയപ്പെടുന്ന ശരണ്യ അടക്കം ക്രൂര ലൈംഗിക പീഡനം നടത്തിയെന്നാണ് അതിജീവിതയുടെ മൊഴി. കൂട്ടത്തിൽ ഇവരാണ് ഏറ്റവും ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതെന്നും ഇരയായ യുവതി പോലീസിന് മൊഴിനൽകി.
കേസിലെ ഒന്നാം പ്രതി കുനംതൈയിൽ സ്പാ നടത്തുന്ന ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ് (30), മൂന്നാം പ്രതി കളമശ്ശേരി തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാൻഡ് ചെയ്ത ഇരുവരെയും പോലീസ് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
ഏകദേശം ആറുമാസംമുൻപാണ് ശരണ്യയും സഞ്ജുവും കളമശ്ശേരിയിലെ ഈ സ്പായിലെത്തിയത്. ഇരുവരും തമ്മിലുള്ള ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. രാസലഹരി കലർത്തി നൽകിയാണ് പീനനത്തിനിരയാക്കിയതെന്ന് യുവതി മൊഴിനൽകിയിട്ടുണ്ട്. അതിനാൽതന്നെ ലഹരിവന്ന വഴി, പ്രതികളുടെ സെക്‌സ് റാക്കറ്റ്, ഗുണ്ടാ ബന്ധങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
സംഭവത്തിനുശേഷം വലിയ ശാരീരിക-മാനസിക ആഘാതം നേരിടുന്ന യുവതി നിലവിൽ ചികിത്സയിലാണ്. മുപ്പതുകാരിയായ ശരണ്യയാണ് ഏറ്റവും ക്രൂരമായി ലൈംഗിക പീഡനം നടത്തിയതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. ഒരു സ്ത്രീ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് അതിജീവിത അവിടെയെത്തിയത്. എന്നാൽ, അവർതന്നെയാണ് ഏറ്റവും ക്രൂരമായ ലൈംഗികോപദ്രവമേൽപ്പിച്ചതെന്ന് യുവതി പറഞ്ഞു.
ചൊവ്വാഴ്ച രാത്രി വയനാട് പുൽപ്പള്ളി താഴെയങ്ങാടിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഞ്ജുവിനെയും ശരണ്യയെയും പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സബ് ഇൻസ്പെക്ടർ എം സി പവനന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.


