13 September, 2026 03:13:43 PM
തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം; ആളപായമില്ല

തൊടുപുഴ: തൊടുപുഴ കോലാനിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മെത്ത നിര്‍മാണ യൂണിറ്റായ 'മാര്‍വല്‍' കമ്പനിയില്‍ ഞായറാഴ്ച രാവിലെ വന്‍ തീപിടിത്തമുണ്ടായി. രാവിലെ ഒമ്പതോടെയാണ് ഫാക്ടറിയില്‍ നിന്ന് വന്‍തോതില്‍ പുകയും തീജ്വാലകളും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ ഉടന്‍ തന്നെ തൊടുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഫോം, സ്പഞ്ച് തുടങ്ങിയ എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കളിലേക്ക് അനായാസം തീ പടര്‍ന്നതാണ് പ്രദേശത്ത് കനത്ത പുകയുയരാന്‍ കാരണമായത്. ഞായറാഴ്ച അവധി ദിവസമായതിനാല്‍ നിര്‍മാണ യൂണിറ്റില്‍ തൊഴിലാളികളാരും ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തവും ആളപായവും ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.


