22 September, 2026 09:06:23 AM
ഷാപ്പിലെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കള്ള് കൊടുത്തു; പെൺകുട്ടി കുഴഞ്ഞുവീണു

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്നു പേർക്ക് കള്ള് നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കൊച്ചി വടക്കൻ പറവൂരിലാണ് സംഭവം. പറവൂർ റോഡിൽ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിലെ ലൈസൻസിക്കും ജീവനക്കാരനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 16 വയസുള്ള രണ്ട് പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമാണ് കള്ളുഷാപ്പിലെത്തി കള്ള് കുടിച്ചത്. ഇതിനുശേഷം ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ പെൺകുട്ടികളിൽ ഒരാൾ ഛർദ്ദിച്ചു. തുടർന്ന് മുനമ്പം ഭാഗത്ത് ബസിറങ്ങിയ പെൺകുട്ടി റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് മുനമ്പം പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം വിളമ്പിയ സംഭവത്തിൽ ഷാപ്പ് അധികൃതർക്കെതിരെ നിയമനടപടി കർശനമാക്കിയിട്ടുണ്ട്.
അമിതമായി കള്ള് ഉള്ളിൽ ചെന്നതാണ് വിദ്യാർത്ഥിക്ക് ശാരീരികാസ്വസ്ഥത ഉണ്ടാകാൻ കാരണമെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വടക്കൻ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കാര്യം ഷാപ്പ് ഉടമയ്ക്കും ജീവനക്കാരനും അറിയാമായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.


