17 September, 2026 12:57:06 PM
തൃപ്പൂണിത്തുറയിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറുകളിൽ നിന്ന് ഫ്യൂസുകൾ ഊരി

തൃപ്പൂണിത്തുറ: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ എറണാകുളം തൃപ്പൂണിത്തുറയില്‍ വൈദ്യുതി തടസ്സപ്പെടുത്തി സാമൂഹിക വിരുദ്ധര്‍. വെള്ളക്കിനാവ്, കിടങ്ങ് ഭാഗങ്ങളിലെ രണ്ട് ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നാണ് ഫ്യൂസ് ഊരിയത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ഒന്നര മണിക്കൂറില്‍ ഏറെ വൈദ്യുതി തടസപ്പെട്ടു. സംഭവത്തില്‍ കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കി. വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ കെഎസ്ഇബിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു.
വെള്ളക്കിനാവിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഊരിമാറ്റിയ ഫ്യൂസ് തോട്ടില്‍ കളഞ്ഞ നിലയിലും മറ്റേത് തകര്‍ത്ത നിലയിലുമായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു. നേരത്തെ പറവൂരിലും സമാനമായ സംഭവം ഉണ്ടാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അടൂർ നെടുംകുളഞ്ഞിയിലും സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയതിൽ കെഎസ്ഇബി പൊലീസിൽ പരാതി നൽകിയിരുന്നു.


