27 May, 2025 01:00:45 PM
നടന്നു പോകവേ തോട്ടിലേക്ക് വീണു; ആലപ്പുഴയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

കൈനകരി: കനത്ത മഴയ്ക്കിടെ നടന്നു പോകവേ തോട്ടിൽ തെന്നിവീണ ജലഗതാഗത വകുപ്പ് ജീവനക്കാരൻ മരിച്ചു. കൈനകരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടിൽ ഓമനക്കുട്ടൻ (55) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. കൈനകരി കനകശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ നടന്നുപോകുമ്പോൾ കാർഗിൽ ബോട്ട് ജെട്ടിക്ക് സമീപത്തെ തോട്ടിലേക്ക് വീഴുകയായിരുന്നു. പ്രദേശത്ത് കനത്ത മഴ ആയതിനാൽ മഴക്കോട്ട് ധരിച്ചിരുന്നു. നടന്നു പോകവേ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശാൻ തുടങ്ങിയതോടെ തോട്ടിലേക്ക് തെന്നി വീഴുകയായിരുന്നു.
ഓമനക്കുട്ടൻ വീഴുന്നത് തോടിനു മറുകരയുള്ള നാട്ടുകാർ കണ്ടെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഓമനക്കുട്ടനെ പുറത്തെടുത്തത്. ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.