27 May, 2025 10:12:52 AM


കൊച്ചിയിൽ നൃത്ത മത്സരത്തിനിടെ സീലിങ് പൊളിഞ്ഞു വീണു; കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്



കൊച്ചി: കൊച്ചിയിൽ  സംഘടിപ്പിച്ച നൃത്തമത്സര പരിപാടിക്കിടെ സീലിങ് പൊളിഞ്ഞുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. എറണാകുളം ഗിരിനഗർ കമ്മ്യൂണിറ്റി ഹാളിൽ തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ആളുകൾ നിറഞ്ഞ ഹാളിന്റെ മധ്യഭാഗത്ത് ജിപ്സം ബോർഡിന്റെ ഭാഗങ്ങൾ പൊളിഞ്ഞുവീഴുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

തലയ്ക്ക് മുറിവേറ്റ കടവന്ത്ര ജവഹർ നഗറിലെ ജവഹർ ജുവൽ അപ്പാർട്ട്മെന്റ്സിലെ ഷിജോയുടെ മകൾ ദക്ഷ (12), അമ്മ ചിത്ര, പുത്തൻകുരിശ് സ്വദേശി സുനിൽകുമാറിന്റെ മകൾ അമൃത (17) എന്നിവരെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിനെ മെഡിസിറ്റിയിലെ ജനറൽ മെഡിസിൻ ഡോക്ടർ ലക്ഷ്മി ഉണ്ണികൃഷ്ണനും തലയ്ക്ക് പരിക്കേറ്റു. മകളുടെ നൃത്തം കാണാനെത്തിയതായിരുന്നു ലക്ഷ്മി.

രാവിലെ 6 മുതൽ തുടങ്ങിയ 'ഡാൻസ് വാർ' എന്ന പരിപാടിയിൽ പങ്കെടുക്കാനായി 300ഓളം കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങളും നൃത്താധ്യാപകരുമെല്ലാം സദസിലുണ്ടായിരുന്നു. 18 വയസ്സുവരെയുള്ള കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K