11 May, 2025 07:45:01 PM
സിഎംഐ വിദ്യാഭ്യാസവര്‍ഷ പ്രഖ്യാപനത്തിന്‍റെ 194-ാം വാര്‍ഷികാഘോഷത്തിന് തുടക്കം
ചാവറ പിതാവിന്‍റെ സ്വപ്ന സാക്ഷാത്കാരമാണ് സിഎംഐ സഭയുടെ വിദ്യാഭ്യാസദര്‍ശനങ്ങള്‍ - വി എന്‍ വാസവന്‍

കോട്ടയം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്‍റെ 'പള്ളിയ്‌ക്കൊരു പള്ളിക്കൂടം' എന്ന വിദ്യാഭ്യാസ വിപ്ലവത്തിന്‍റെയും നവോത്ഥാനത്തിന്‍റെയും ദീര്‍ഘവീക്ഷണത്തിന്‍റെയും ഫലമായി രൂപം കൊണ്ട സി.എം.ഐ. സഭയുടെ 194-ാമത് സഭാസ്ഥാപകദിനാഘോഷവും വിദ്യാഭ്യാസവത്സര പ്രഖ്യാപനവും മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആരംഭിച്ചു. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലിന്‍റെ അധ്യക്ഷതയില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വിദ്യാഭ്യാസത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ച ചാവയച്ചന്‍ ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസങ്ങള്‍ ഇല്ലാത്ത ഒരു സമൂഹത്തെയാണ് സ്വപ്നം കണ്ടത്. ആ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സി.എം.ഐ സഭയും സഭയുടെ വിദ്യാഭ്യാസദര്‍ശനങ്ങളുമെന്ന് മന്ത്രി വി എന്‍ വാസവന്‍ ചൂണ്ടികാട്ടി. കേരള നവോത്ഥാന ചരിത്രത്തിലെ പ്രഥമഗണനീയനായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനും കാലത്തിനനുസരിച്ച മാറ്റങ്ങളിലൂടെ വിദ്യാഭ്യാസ മുന്നേറ്റം നടത്തുന്ന സി.എം.ഐ. സഭയും കേരളത്തിന്‍റെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ മുദ്ര പതിപ്പിച്ചിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

എം.പി. മാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, എം.എല്‍.എ. മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സി.എം.ഐ. വികാര്‍ ജനറല്‍ ഫാ. ജോസി താമരശ്ശേരി, സഭ എജ്യുക്കേഷന്‍ ജനറല്‍ കൗണ്‍സിലര്‍ ഫാ. മാര്‍ട്ടിന്‍ മള്ളത്ത്, ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ജോസ് ചെന്നാട്ടുശ്ശേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചാവറപിതാവിന്‍റെ വിദ്യാഭ്യാസ ദര്‍ശനങ്ങളെ പിന്‍തുടരുന്നുകൊണ്ട് ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ സമൂഹത്തിന്‍റെ ഉന്നതി ലക്ഷ്യമിട്ട് നവീനമായ കാഴ്ചപ്പാടുകളോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് നന്ദി പ്രസംഗത്തില്‍ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാളും തിരുവനന്തപുരം സെന്‍റ് ജോസഫ്‌സ് പ്രൊവിന്‍സ് എജുക്കേഷന്‍ കൗണ്‍സിലറുമായ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി അറിയിച്ചു.