16 August, 2026 09:00:04 PM
അത്തം നാളിൽ വീടുകളിൽ പൂക്കളമൊരുക്കി ശക്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ

ഏറ്റുമാനൂർ: ഓണാഘോഷത്തിന് വേറിട്ടൊരു മാതൃകയുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ. ഹാളുകളിലും പൊതുസ്ഥലങ്ങളിലും പൂക്കളമൊരുക്കി നടത്തുന്ന പതിവ് മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി, വീടുകളിൽ പരമ്പരാഗത രീതിയിൽ പൂക്കളമൊരുക്കിയാണ് അസോസിയേഷൻ അംഗങ്ങൾ അത്തം ആഘോഷിച്ചത്.

ഓണക്കാലത്ത് വീടുകളുടെ മുറ്റങ്ങളിൽ പൂക്കളമൊരുക്കുന്ന പഴയകാല പാരമ്പര്യം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് 'പഴമയിലേക്ക് ഒരു തിരിച്ചുപോക്ക്' എന്ന ആശയവുമായി അസോസിയേഷൻ പുതിയ മത്സരം സംഘടിപ്പിച്ചത്.

അത്തം നാളായ ഞായറാഴ്ചയാണ് അംഗങ്ങൾ വീടുകളിൽ മത്സര പൂക്കളമൊരുക്കിയത്. പ്രത്യേകിച്ച് പരമ്പരാഗത രീതിയിൽ ഏറ്റവും മനോഹരമായി പൂക്കളം ഒരുക്കുന്ന കുടുംബത്തിനാണ് പ്രധാന സമ്മാനം. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും പ്രോത്സാഹന സമ്മാനവും നൽകും.

മത്സരത്തിൽ ആശ അപ്പുകുട്ടൻ നായർ ശ്രീശൈലം, സുമി ഹരീഷ് വടക്കേടം, ശാന്തമ്മ ശെൽവരാജൻ നടുവീട് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സുപ്രിയ ശ്രീകുമാർ സായൂജ്യം, മായ സുനിൽകുമാർ ശിവരഞ്ജിനി, പ്രേക്ഷ അനിൽകുമാർ മലർ, ബീന രാമചന്ദ്രൻ താറാമംഗലത്ത്, സൂഫി ശോഭ ഗോപാലകൃഷ്ണൻ മൂപ്പനത്ത് എന്നിവരും സമ്മാനാർഹരായി.

ആഗസ്ത് 23ന് നടക്കുന്ന അസോസിയേഷൻ്റെ ഓണാഘോഷച്ചടങ്ങിൽ സമ്മാനങ്ങൾ ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഹേമന്ത് കുമാർ വിതരണം ചെയ്യും.

പഴയകാല ഓണക്കാഴ്ചകളെയും കുടുംബകൂട്ടായ്മകളെയും തിരിച്ചുപിടിക്കുന്നതിനൊപ്പം പുതുതലമുറയ്ക്ക് ഓണപ്പൂക്കളത്തിന്റെ പാരമ്പര്യം പരിചയപ്പെടുത്തുക

എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അസോസിയേഷൻ പ്രസിഡൻ്റ് ബി. സുനിൽകുമാർ അറിയിച്ചു.



