20 February, 2026 04:50:25 PM
പഠനമികവു കൂട്ടാൻ എബിൾ കോട്ടയം രണ്ടാംഘട്ടം; ജില്ലാ ആശുപത്രിയിൽ സ്പെഷാലിറ്റി ബ്ളോക്ക്

കോട്ടയം: ജില്ലാ പഞ്ചായത്തിന് 157.88 കോടി രൂപ വരവും 152.53 കോടി രൂപ ചെലവും 5.35 കോടി രൂപ നീക്കിയിരുപ്പുമുള്ള ബജറ്റ്. വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം മേഖലകൾക്കും ഭിന്നശേഷി ക്ഷേമത്തിനും ഊന്നൽ നൽകിയും തെരുവുനായ സംരക്ഷണത്തിന് നൂതന പദ്ധതി പ്രഖ്യാപിച്ചുമുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ അവതരിപ്പിച്ചത്.
നാലുവർഷമായുള്ള പദ്ധതികളുടെ തുടർച്ചയായിരിക്കും ബജറ്റെന്നും മുൻ ഭരണസമിതികൾ ആവിഷ്‌കരിച്ച മികച്ച പദ്ധതികൾ തുടരുമെന്നും ബജറ്റിന്റെ ആമുഖപ്രഭാഷണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് പറഞ്ഞു. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും കാലവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളെ നേരിടാനും ബജറ്റിൽ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുണമേന്മാ വിഭ്യാഭ്യാസത്തിലൂടെ വിദ്യാർഥികളുടെ അവകാശ-ആരോഗ്യസംരക്ഷണത്തിനും സ്വഭാവ രൂപവത്കരണത്തിനുമായുള്ള സമഗ്രപദ്ധതി 'എബിൾ കോട്ടയം' രണ്ടാംഘട്ടത്തിന് പത്തുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ 25 ഇന കർമപരിപാടികൾ അടങ്ങുന്നതാണ് പദ്ധതി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കോട്ടയം ജനറൽ ആശുപത്രിയിലെ കാൻസർ ചികിത്സാ വിഭാഗത്തിന് സ്പെഷാലിറ്റി ബ്ളോക്ക് നിർമാണത്തിന് പ്രാരംഭ തുകയായി അഞ്ചുകോടി രൂപ വകയിരുത്തി. കുഴഞ്ഞുവീണു മരിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗസാധ്യത നിർണയ ക്യാമ്പിനായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ ആധുനിക സംവേദക ഉപകരണങ്ങളുമായി ഓട്ടിസം കോംപ്ലക്സ് ആരംഭിക്കുന്നതിന് രണ്ടു കോടി രൂപ ചെലവഴിക്കും.
ഇലവീഴാപൂഞ്ചിറയിൽ 'പൂഞ്ചിറ വണ്ടർ വാലി' ടൂറിസം പദ്ധതിക്കു വേണ്ടി ഒരു കോടി രൂപയും ടൂറിസം മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കുമരകത്തിനും കോഴാ ജില്ലാ കൃഷിത്തോട്ടത്തിനും 10 ലക്ഷം രൂപ വീതവും എഴുമാന്തുരത്തിന് അഞ്ചുലക്ഷം രൂപയും അനുവദിക്കും.
വന്ധ്യംകരണത്തിനുശേഷം തെരുവുനായകളെ ഏറ്റെടുത്തു സംരക്ഷിക്കാൻ തയാറാകുന്നവർക്കു വേണ്ടി പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി ഒരു കോടി രൂപ ചെലവഴിക്കും.
കാർഷിക ചന്തകളുടെ നവീകരണത്തിന് 50 ലക്ഷം രൂപയും കോട്ടയം ഫെസ്റ്റിവൽ എന്ന പേരിൽ കലാ-സാംസ്‌കാരിക പരിപാടി നടത്താൻ 20 ലക്ഷം രൂപയും വാകത്താനത്ത് ഉണ്ണുനീലി പൈതൃക സ്മാരകം നിർമിക്കാൻ 60 ലക്ഷം രൂപയും വകയിരുത്തി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗ്രേസി കരിമ്പന്നൂർ, അജിത് മുതിരമല, പി.കെ. വൈശാഖ്, ആശ ജോയ്, അംഗങ്ങളായ എം.കെ. രാജേഷ്, വിജയമ്മ ബാബു, ആൻ മരിയ ജോർജ്, ജോസ്മോൻ മുണ്ടയ്ക്കൽ, ഷിബി മത്തായി, പെണ്ണമ്മ ജോസഫ്, ശ്രീകല ആർ. എളുക്കുന്നേൽ, അഡ്വ. പി. ജീരാജ്, തോമസ് കുന്നപ്പള്ളി, അഡ്വ. അഭിലാഷ് ചന്ദ്രൻ, നിമ്മി ട്വിങ്കിൾ രാജ്, പി.എസ്. ഉഷാകുമാരി, വിനു ജോബ് കുഴിമണ്ണിൽ, സിനി മാത്യൂ, സുമ എബി, ജിം അലക്സ് തുരുത്തുമാലിയിൽ, ആനന്ദ് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, നിർവഹണ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ എന്നിവർ ബജറ്റ് അവതരണത്തിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് ബജറ്റിലെ മറ്റു പ്രധാന നിർദേശങ്ങൾ
* ജില്ലാ പഞ്ചായത്തിന്റെ 23 ഡിവിഷനുകളിലും ടർഫ്, നീന്തൽക്കുളം-ഒരുകോടി രൂപ
* ഹരിതകർമസേനാംഗങ്ങൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ആരോഗ്യപരിരക്ഷ-25 ലക്ഷം
* അങ്കണവാടികളുടെ ആധുനികവത്കരണം- ഒരുകോടി രൂപ
* കുമകരത്ത് പൊതുകളിസ്ഥലം-50 ലക്ഷം രൂപ
* നാടൻ പന്തുകളി പ്രോത്സാഹിപ്പിക്കാൻ പൊതുകളിസ്ഥലം-50 ലക്ഷം രൂപ




