13 February, 2026 06:41:18 PM


വോട്ടു ബോധവത്കരണവുമായി കോട്ടയം ജില്ലയിൽ വോട്ടുവണ്ടി പര്യടനം തുടങ്ങി



കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടിന്റെ  പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വോട്ട് വണ്ടി എന്ന പേരിൽ പ്രചാരണ വാഹനങ്ങൾ കോട്ടയം ജില്ലയിൽ പര്യടനം ആരംഭിച്ചു. കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു.

ജില്ലാ ഭരണകൂടത്തിന്റെയും വോട്ടർ ബോധവത്കരണ പരിപാടിയായ  സ്വീപ്പിന്റെയും നേതൃത്വത്തിലാണ് പര്യടനം. എല്ലാ വോട്ടർമാരെയും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുകയാണ് ലക്ഷ്യമെന്ന്  കളക്ടർ പറഞ്ഞു. വോട്ടു ചെയ്യുന്ന വിധം പരിചയപ്പെടുത്തുന്നതിനായി പ്രചാരണ വാഹനത്തിനുള്ളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റ് യന്ത്രവും സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് നേരിട്ട് വോട്ട് ചെയ്ത് പരിശീലിക്കാം. ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലും വോട്ടുവണ്ടി  പര്യടനം നടത്തും.

ചടങ്ങിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ  ഷീബ മാത്യു, സ്വീപ്പ് ജില്ലാ നോഡൽ ഓഫീസറായ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, കോട്ടയം തഹസിൽദാർ ടി.എസ്. സനിൽ കുമാർ, ജൂണിയർ സൂപ്രണ്ട്  ഇ.സി. ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294