30 January, 2026 06:49:48 PM


ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ജില്ലാതല മത്സരങ്ങൾ ഫെബ്രുവരി രണ്ടിന്



കോട്ടയം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിന്റെ കോട്ടയം ജില്ലാതല മത്സരങ്ങൾ ഫെബ്രുവരി രണ്ടിന് കോട്ടയം ബി.സി.എം കോളജിൽ നടക്കും. സ്‌കൂൾ തല മത്സരങ്ങൾ രാവിലെ പത്തിനും കോളജ് വിദ്യാർഥികൾക്കുള്ള മത്സരം ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് ആരംഭിക്കുക.

യഥാക്രമം രാവിലെ ഒൻപതു മുതലും ഉച്ചയ്ക്ക് 12.45 മുതലും രജിസ്‌ട്രേഷൻ നടത്താം. ഇരു വിഭാഗങ്ങളിലും പ്രാഥമികതലത്തിലുള്ള മത്സരങ്ങൾക്കുശേഷം അവസാന റൗണ്ടിൽ ആറു ടീമുകൾ മാറ്റുകയ്ക്കും. മത്സരം കാണാനെത്തുന്നവർക്കും ശരിയുത്തരം പറഞ്ഞ് സമ്മാനം നേടാൻ അവസരമുണ്ട്.

ജില്ലയിലെ നാലു വിദ്യാഭ്യാസ ജില്ലകളിൽനിന്നായി  രണ്ടു പേരടങ്ങുന്ന 40 ടീമുകളാണ് സ്‌കൂൾതല മത്സരത്തിൽ പങ്കെടുക്കുന്നത്. കോളജുകളിൽനിന്ന് 232 വിദ്യാർഥികൾ 116 ടീമുകളിലായി മത്സരിക്കും.

ജില്ലാതല മത്സരങ്ങളിലെ വിജയികൾ സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടും.  സംസ്ഥാനതലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലയിൽ സ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം മൂന്നു ലക്ഷം രൂപയും രണ്ടു ലക്ഷം രൂപയും ലഭിക്കും. കോളജുകൾക്കുള്ള സംസ്ഥാനതല മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം മൂന്നു ലക്ഷം രൂപ, രണ്ടു ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും.

ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955