16 February, 2026 06:48:11 PM
കോട്ടയം ജില്ലാ ആസൂത്രണസമിതി വികസനസെമിനാർ

കോട്ടയം: ജില്ലയുടെ സമഗ്രവികസനം മുന്നിൽകണ്ടുള്ള നിർദ്ദേശങ്ങൾ ചർച്ചചെയ്ത് ജില്ലാ ആസൂത്രണസമിതി പദ്ധതി വികസനസെമിനാർ. ജില്ലാ ആസൂത്രണസമിതി അധ്യക്ഷൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും വികസന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. കൃത്യമായി പദ്ധതികൾ തയ്യാറാക്കി കേന്ദ്രഫണ്ടുകൾ നഷ്ടപ്പെടാതെ വാങ്ങിച്ചെടുക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് യോഗത്തിൽ സംസാരിച്ച അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള കാര്യങ്ങൾ വികസനസെമിനാറിന്റെ നിർദ്ദേശമായി ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
വികസന നയരൂപീകരണത്തിൽ തദ്ദേശതലം മുതലുള്ള ജനപ്രതിനിധികളുടെ നിർദ്ദേശങ്ങൾ ഏറെ വിലപ്പെട്ടതാണെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പ്രസംഗിച്ചു.




