14 October, 2026 06:30:55 PM
ഓപ്പറേഷന് തൂഫാന്: കോട്ടയം ജില്ലയില് നാലര മാസത്തിനിടെ പിടിയിലായത് ആയിരത്തിലധികം പേര്

കോട്ടയം: ലഹരിക്കെതിരെ പൊലീസ് വകുപ്പിന്റെ 'ഓപ്പറേഷന് തൂഫാനി'ലൂടെ ജില്ലയില് കഴിഞ്ഞ നാലര മാസത്തിനിടെ പിടിയിലായത് 1026 പേര്. ജൂണ് രണ്ട് മുതല് ഒക്ടോബര് 13 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകള് റിപ്പോര്ട്ട് ചെയ്തത്. 981 ലഹരി കേസുകള് രജിസ്റ്റര് ചെയ്തു. ഇതില് വില്പ്പനയ്ക്കായി വലിയ അളവില് മയക്കുമരുന്ന് കടത്തിയ 16 കേസുകളും ഇടത്തരം അളവില് മയക്കുമരുന്ന് കൈവശം വെച്ചതിന് 47 കേസുകളും ചെറിയ അളവിലുള്ള മയക്കുമരുന്ന് ഉപയോഗത്തിന് 89 കേസുകളും സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതിന് 829 കേസുകളുമാണ് റിപ്പോര്ട്ട് ചെയ്തത്.
183 കിലോ കഞ്ചാവും 1.2 കിലോ (1,213 ഗ്രാം) എം.ഡി.എം.എയും, 322 ഗ്രാം മെത്താംഫെറ്റാമൈനും കസ്റ്റഡിയിലെടുത്തു. കൂടാതെ 10,085 കഞ്ചാവ് ചെടികളും 860 കഞ്ചാവ് ബീഡികളും പോലീസ് കണ്ടെത്തി നശിപ്പിച്ചു. ഹാഷിഷ് ഓയില് 5.57 ഗ്രാം, ബ്രൗണ് ഷുഗര് 2.48 ഗ്രാം, കൊക്കെയ്ന് 2.44 ഗ്രാം, രണ്ട് എല്.എസ്.ഡി സ്റ്റാമ്പുകള് എന്നിവയും റെയ്ഡില് പിടികൂടി. തുടര്ച്ചയായി ലഹരി കേസുകളില് ഉള്പ്പെടുന്ന സ്ഥിരംകുറ്റവാളികളെ തടങ്കലില് പാര്പ്പിക്കുന്നതിനുള്ള 'പിറ്റ് എന്.ഡി.പി.എസ്' കരുതല് തടങ്കല് നിയമപ്രകാരം ഒമ്പത് പ്രൊപ്പോസലുകള് സമര്പ്പിച്ചു. പുതിയ 12 പ്രൊപ്പോസലുകള് കൂടി സമര്പ്പിക്കുന്നതിനുള്ള നടപടികള് പുരോഗമിക്കുന്നു.
ലഹരി വിപണനം സംബന്ധിച്ച വിവരങ്ങള് പൊതുജനങ്ങള്ക്ക് 9497979794, 9497927797 നമ്പറുകളില് നേരിട്ടും 9995966666 നമ്പറില് വാട്സ്ആപ് മുഖേനയും അറിയിക്കാം. സന്ദേശമയക്കുന്നയാളുടെ വിവരങ്ങള് രഹസ്യമായിരിക്കും. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ജില്ലയിലുടനീളം പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തില് സ്കൂളുകളിലും കോളജുകളിലും ബോധവത്കരണ പ്രവര്ത്തനങ്ങള് നടത്തിവരുന്നുണ്ട്. ലഹരി വ്യാപാരം, ഉപയോഗം എന്നിവയ്ക്കെതിരെ വരുംദിവസങ്ങളിലും പരിശോധനകള് കൂടുതല് ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.



