18 February, 2026 08:06:21 PM


കുമരകം കോണത്താറ്റ് പാലം ഉദ്ഘാടനം ഫെബ്രുവരി 20ന്



കോട്ടയം: കുമരകത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ കരുത്തായി കോണത്താറ്റ് പാലം. കുമരകം-കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഫെബ്രുവരി 20) വൈകുന്നേരം അഞ്ചിന്  പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പാലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.

 അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് അടക്കം കിഫ്ബി മുഖേന 29.49 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ് പുതിയ പാലം. 

12.5 മീറ്റർ നീളമുള്ള മൂന്ന് ലാൻഡ് സ്പാനുകൾ ഉൾപ്പെടെ ആകെ 107.1 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. 13 മീറ്ററാണ് വീതി. സെൻട്രൽ സ്പാനിന് 26.5 മീറ്റർ നീളമുണ്ട്. കോട്ടയം ഭാഗത്തേക്ക് 45 മീറ്ററും കുമരകം ഭാഗത്തേക്ക് 35 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ 110 മീറ്റർ നീളത്തിൽ സർവീസ് റോഡും നിർമിച്ചു.

റോഡ് സുരക്ഷാ ക്രമീകരണങ്ങളായ ഒ.എച്ച്.എം, റോഡ് മാർക്കിങ്ങുകൾ, റിഫ്ളക്റ്റീവ് സ്റ്റഡ്സ്, എൽ.ഇ.ഡി ലൈറ്റുകൾ, ദിശാബോർഡുകൾ, സ്പീഡ് ലിമിറ്റ് ബോർഡുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

നാലു മീറ്റർ വീതിയുണ്ടായിരുന്ന പഴയ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമിച്ചത്. കോട്ടയം-കുമരകം റോഡ് വികസനത്തിന്റെ ഭാഗമായി നിർമിച്ച പാലം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നു. ഇതോടെ കുമരകത്തെ ഗതാഗതക്കുരുക്കിനും പരിഹാരമായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299