21 July, 2026 11:43:28 AM


റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളെ രാത്രികാല പോലീസ് പട്രോളിങ്ങിൽ ഉൾപ്പെടുത്തും



കോട്ടയം: അർധരാത്രിയിലെ മോഷണ സംഭവങ്ങളും ലഹരി ഉപയോഗവും കൈമാറ്റവും തടയാൻ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളെ രാത്രി പട്രോളിങ്ങിൽ ഉൾപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു. എല്ലാ റസിഡന്റ്സ് അസോസിയേഷനുകളുമായും ചർച്ച നടത്താൻ അതാതിടങ്ങളിലെ എസ്എച്ച് ഒമാർക്ക് അദ്ദേഹം നിർദേശം നൽകി. 450 അസോസിയേഷനുകൾ ജില്ലയിൽ ഉണ്ടെന്നാണ് പൊലീസ് കണക്ക്. രാത്രി പട്രോളിങ് ശക്ത‌മാക്കുന്നതിനു മുന്നോടിയായി അസോസിയേഷൻ ഇല്ലാത്തയിടങ്ങളിൽ പൊലീസ് മുൻകയ്യെടുത്ത് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ജാഗ്രതയ്ക്കൊപ്പം ജനവും സദാ ഉണർന്നിരിക്കുന്നതിനാൽ കുറച്ചുകാലമായി ജില്ലയിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഇല്ല. കോട്ടയം നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും സ്ഥലത്തിന് 100 മീറ്റർ അരികിൽ ഉണ്ടായിരുന്ന പൊലീസ് പട്രോളിങ് സംഘമാണ് കുത്തേറ്റയാളെ ആശുപ്രതിയിൽ എത്തിച്ചതെന്നും ജില്ലാ പോലീസ് മേധാവി ഒരു മാധ്യമത്തോട് സംസാരിക്കവെ ചൂണ്ടികാട്ടി. ഇതുകൊണ്ടുതന്നെ പട്രോളിങ് കൂടുതൽ ശക്തമാക്കുവാനാണ്തീരുമാനം. 

മൺസൂണിന്റെ മറവിൽ മോഷണങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും പ്രതികളെ കൃത്യമായി പിടികൂടാൻ കഴിയുന്നുണ്ടെന്ന് കെ. എം. സാബു പറഞ്ഞു.  ചങ്ങനാശേരിയിൽ 6 ബൈക്കുകൾ കണ്ടെത്തിയതും തലയോലപ്പറമ്പ് ഇടവട്ടത്തെ മോഷണത്തിലെ പ്രതിയെ പിടികൂടിയതും ഉൾപ്പെടെ 90 ശതമാനം കേസുകളിലെയും പ്രതികളെ പിടിക്കാൻ പൊലീസിന് കഴിഞ്ഞു. സമീപജില്ലകളിലെ കേസുകളിലെ പ്രതികളെയും പിടിക്കുന്നുണ്ട്. 5 വർഷത്തിനിടെ ജയിലിൽ നിന്നിറങ്ങിയ മോഷണക്കേസ് പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം സമീപകാല മോഷണക്കേസ് പ്രതികളെ ട്രാക്ക് ചെയ്യാനും ശ്രമിക്കുന്നുണ്ട്. 

റസിഡൻ്റ്സ് അസോസിയേഷനുകൾക്ക് ഏറ്റവും വിശ്വാസമുള്ള ഇന്റലിജൻസ് സംവിധാനമായി പൊലീസിനെ  സഹായിക്കാനാകും. അതിന്റെ ഭാഗമായി ജനമൈത്രി പൊലീസിങ് അഴിച്ചുപണിയുകയാണ്. ഓരോ സ്റ്റേഷന്റെയും പരിധിയിലെ ബീറ്റുകൾ ജനവുമായി ഏറ്റവും അടുത്ത് പൊലീസ് എത്തുന്ന തരത്തിൽ പുനഃക്രമീകരിക്കും. ബീറ്റ് ഓഫിസറെയും അസിസ്‌റ്റന്റ് ബീറ്റ് ഓഫിസറെയും നിയമിക്കും. ഓപ്പറേഷൻ തൂഫാന്റെയും നിയമവിരുദ്ധ- ക്രിമിനൽ പ്രവർത്തനങ്ങളെ തടയുന്നതിന്റെയും ക്രമസമാധാന പ്രശ്‌നങ്ങൾ വേഗത്തിൽ അറിയുന്നതിന്റെയും പ്രധാന സ്രോതസ്സായി അസോസിയേഷനുകളെ മാറ്റുമെന്നും കെ. എം. സാബു പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K