04 May, 2026 08:02:21 PM
പിസിയെയും ഷോണിനെയും കൈവിട്ട് പൂഞ്ഞാറും പാലായും

കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യന്‍ 56599 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിക്കുകയും എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 49971 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തതോടെ 35573 വോട്ടുകള്‍ നേടി പി.സി. ജോർജ് മുന്നാമനായി. പാലായിൽ ഷോൺ ജോര്‍ജിനെ യുഡിഎഫിന്റെ മാണി സി കാപ്പനും പരാജയപ്പെടുത്തിയതോടെ തിരഞ്ഞെടുപ്പിൽ വിജയിച്ച് അപ്പനും മകനും ഒരുമിച്ച് നിയമസഭയിലെത്തണമെന്ന പി സി ജോര്‍ജിന്റെയും മകന്റെയും സ്വപ്നത്തിന് അന്ത്യം കുറിച്ചു.
പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും കഴിഞ്ഞ ദിവസം പി സി ജോര്‍ജ് പറഞ്ഞിരുന്നു. പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണയെന്നായിരുന്നു പിസിയുടെ വെല്ലുവിളി. എന്നാൽ യുഡിഎഫിനെ ചേർത്തുനിർത്തിയ പൂഞ്ഞാറിലെയും പാലായിലെയും വോട്ടർമാർ അപ്പനേയും മകനേയും ഒരുമിച്ച് കൈവിട്ടു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എം.ജെ. സെബാസ്റ്റ്യൻ 56599 വോട്ടുകൾക്കാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 49971 വോട്ടുകൾ നേടി രണ്ടാമതെത്തിയപ്പോൾ പി.സി. ജോർജ് 35573 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം ജോർജ് രണ്ടുവട്ടം വിജയിച്ച ഇടമെങ്കിലും പി.സി ജോർജിലൂടെ അറിയപ്പെടുന്ന നിയോജക മണ്ഡലമാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാർ. 1996 മുതൽ തുടർച്ചയായി 25 വർഷമാണ് പി.സി ജോർജ് പൂഞ്ഞാറിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത്.




