05 July, 2026 10:55:41 AM


തെള്ളകത്തെ സ്വകാര്യആശുപത്രികളിലെ മലിനജലം പൊതുവഴിയിലേക്ക്; നാട്ടുകാർ ആശങ്കയിൽ



ഏറ്റുമാനൂർ: തെള്ളകത്തെ സ്വകാര്യആശുപത്രികളിൽനിന്നും മലിനജലം പൊതുവഴിയിലേക്ക് ഒഴുക്കുന്നതായി നാട്ടുകാരുടെ പരാതി. കാരിത്താസ്, മാതാ ആശുപത്രികൾക്കെതിരെയാണ് ആരോപണം ഉയർന്നത്. കാരിത്താസ് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് ഓൾഡ് എം സി റോഡിലെയും മാതാ ആശുപത്രിയിൽ നിന്ന് എം.സി. റോഡിലെയും ഓടകളിലേക്കാണ് മാലിന്യം തള്ളുന്നത്.

കാരിത്താസ് കോമ്പൗണ്ടിൽ നിന്ന് ഓൾഡ് എം സി റോഡിലെ ഓടയിലേക്ക് ഘടിപ്പിച്ചിരിക്കുന്ന വൻ പൈപ്പുകളിലൂടെ പാലിന്‍റെ നിറത്തിൽ പതഞ്ഞൊഴുകുന്ന ദുർഗന്ധപൂരിതമായ വെള്ളത്തിൽ ആശുപത്രി മാലിന്യങ്ങളും കലർന്നിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതുമൂലം ആരോഗ്യപ്രശ്നങ്ങളും പകർച്ചവ്യാധികളുടെ സാധ്യതയും വർധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു.


മഴ ശക്തമായതോടെ മലിനജലം സമീപത്തെ പുരയിടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിക്കുന്നതായും പരാതിയുണ്ട്. സമീപത്തെ തോടുകളിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കും ഈ വെള്ളം എത്തുന്നത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. കിണർവെള്ളത്തെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും പ്രദേശത്തെ കർഷകരും സംഭവത്തിൽ ആശങ്കാകുലരാണ്.

പൊതുവഴിയിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണത വർഷങ്ങളായി തുടരുകയാണെന്നും, നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും, ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിഷയത്തിൽ നഗരസഭ, പൊതുമരാമത്ത് വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വകുപ്പ് എന്നിവർ മൗനം പാലിക്കുന്നതിലും നാട്ടുകാർക്ക് സംശയമുണ്ട്. അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K