26 November, 2026 07:27:30 PM
ചാലിയാർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: എടവണ്ണയില്‍ ചാലിയാര്‍ പുഴയില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വഴിക്കടവ് കുന്നുമ്മൽപൊട്ടി സ്വദേശി വി എം അജ്മലിന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് എടവണ്ണ സീതി ഹാജി പാലത്തിന് സമീപം അജ്മലിനെ കാണാതായത്. ജെസിബി ഓപ്പറേറ്ററായി എടവണ്ണയിൽ ജോലി ചെയ്തിരുന്ന അജ്മൽ സുഹൃത്ത് നൗഷാദിനൊപ്പം പുഴയിൽ സ്വർണം അരിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. സംഭവം സുഹൃത്ത് അറിയിച്ചതോടെ നാട്ടുകാരും ഫയർഫോഴ്‌സും തിരച്ചിൽ ആരംഭിച്ചു. മലപ്പുറത്തുനിന്നുള്ള മുങ്ങൽ വിദഗ്ധരും സ്കൂബാ ഡൈവിങ് സംഘവും തിരച്ചിലിന്റെ ഭാഗമായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


