28 October, 2026 07:23:40 PM


കൊയിലാണ്ടിയില്‍ സ്‌കൂട്ടര്‍ മതിലിലിടിച്ച് 16കാരന്‍ മരിച്ചു; പിതാവിനെതിരെ കേസ്



കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് 16കാരന്‍ മരിച്ചു. ഇരിങ്ങത്ത് കുളങ്ങര സ്വദേശി അജല്‍ പ്രവീണാണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ 16കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജൽ, ചൊവ്വാഴ്ച അർധരാത്രിയോടെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്കൂട്ടറിന്റെ ഉടമയായ പിതാവ് പ്രവീൺ (50) ആണ് കേസിലെ പ്രതി. ചൊവ്വാഴ്ച രാത്രി 9.30ഓടെ മേപ്പയൂരിലെ നരക്കോട് ജംക്‌ഷനു സമീപം മടത്തിൽകുളങ്ങരയിലായിരുന്നു അപകടം. 

സ്കൂട്ടറിൽ യാത്രചെയ്തിരുന്ന അജലിനും മറ്റു രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. വീട്ടിൽനിന്ന് സ്കൂട്ടർ എടുത്ത് സുഹൃത്തുക്കൾക്കൊപ്പം ജിമ്മിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 281, 106(1), 125(b) വകുപ്പുകൾക്കും 1988ലെ മോട്ടോർ വാഹന നിയമത്തിലെ 199A(1), 199A(2), 5, 180, 4, 181 വകുപ്പുകൾക്കും കീഴിലാണ് പ്രവീണിനെതിരെ കേസെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925