23 October, 2026 11:34:33 AM
നാദാപുരം താലൂക്ക് ആശുപത്രിയിൽ 11കാരൻ്റെ കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ല്

കോഴിക്കോട്: വീണ്ടും ചികിത്സാപിഴവ് ആരോപണം. നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ 11കാരന്റെ കേടായ പല്ലിന് പകരം മറ്റൊരു പല്ലെടുത്തു. വാണിമേല്‍ സ്വദേശി ശ്രീഹര്‍ഷിനാണ് ദുരനുഭവം. പരാതിയുമായി തിരികെയെത്തിയപ്പോള്‍ രണ്ടും എടുക്കേണ്ട പല്ലുകളാണെന്നായിരുന്നു ഡോക്ടര്‍ മറുപടി നല്‍കിയത്.
പല്ലെടുത്ത് പുറത്തിറങ്ങി അര മണിക്കൂര്‍ കഴിഞ്ഞ് പഞ്ഞി നീക്കാമെന്നാണ്. പഞ്ഞി നീക്കി നോക്കിയപ്പോഴാണ് എടുത്തത് അതിനടുത്തുള്ള ഒരു ചെറിയ പല്ലാണെന്ന് മനസിലായത്. കേടുള്ള പല്ല് അവിടെ തന്നെയുണ്ടായിരുന്നു. നേരെ ആശുപത്രിയില്‍ ചെന്ന് ഡോക്ടറോട് ചോദിച്ചു. രണ്ടും എടുക്കേണ്ടതാണ്. ഇപ്പോള്‍ ഇരിക്കുകയാണെങ്കില്‍ ആ പല്ല് കൂടി എടുക്കാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ശ്രീഹര്‍ഷിന്റെ അമ്മ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടി പല്ലുവേദനയെ തുടര്‍ന്ന് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നത്. രണ്ട് പല്ലും പറിക്കേണ്ട കാര്യം ഡോക്ടര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് ആരോപണം. വിഷയത്തില്‍ കുട്ടിയുടെ അമ്മ നാദാപുരം പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടറോട് വിശദീകരണം തേടി.


