14 October, 2026 01:35:23 PM
വണ്ടൂരില് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവര്ക്ക് മഞ്ഞപ്പിത്തം: ഒരു മരണം, 93 പേര്ക്ക് രോഗബാധ

മലപ്പുറം: ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജംഗ്ഷനിലെ കൊച്ചുകുടി ഹോം അപ്ലയന്സസ് ഉടമ പെരുന്തറ സ്വദേശി അച്ചിപ്ര സത്താര് ( 45) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് അതിതീവ്ര പരിചരണവിഭാഗത്തില് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സത്താറിന്റെ മരണം സ്ഥിരീകരിച്ചത്.
വണ്ടൂരില് ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ചവര്ക്കിടയില് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് മരണം. നിലവില് ആരോഗ്യവകുപ്പ് ഹോട്ടല് അടപ്പിച്ചിട്ടുണ്ട്. കാളിക്കാവ്, ചോക്കാട്, പോരൂര്, തിരുവാലി തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ഈ ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ചവരില് മഞ്ഞപ്പിത്തം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബര് ഒന്നിനും 18നും ഇടയില് ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ചവര്ക്കാണ് രോഗബാധ റിപ്പോര്ട്ട് ചെയ്തത്.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയതോടെ രോഗബാധിതപ്രദേശങ്ങളില് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില് പ്രതിരോധപ്രവര്ത്തനങ്ങള് ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാര്ഡ് തലത്തില് ഹെല്ത്ത് സ്ക്വാഡുകള് രൂപീകരിക്കാന് യോഗം തീരുമാനിച്ചു. പഞ്ചായത്തുകളിലെ മുഴുവന് കടകളിലും ഹോട്ടലുകളിലും പരിശോധന ആരംഭിച്ചു. വീടുകളില് ക്ലോറിനേഷന് ഉറപ്പാക്കാനും നടപടി സ്വീകരിക്കും.


