21 November, 2026 01:13:52 PM


'സമയമാണ് പ്രശ്‌നം'; കോഴിക്കോട് ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തു



കോഴിക്കോട്: സര്‍വീസ് സമയത്തെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജില്ലയില്‍ രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. മാവൂര്‍-കോഴിക്കോട്, മുക്കം-കോഴിക്കോട് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഉത്രാടം ഗ്രൂപ്പിന്റെ 'സ്വരരാഗം, മഞ്ജു' എന്നീ ബസ്സുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സര്‍വീസ് കഴിഞ്ഞ് മുക്കം നഗരത്തിലും പെരുമണ്ണയിലുമായി നിര്‍ത്തിയിട്ടിരുന്ന ബസ്സുകളുടെ ചില്ലുകള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചു തകര്‍ത്തതായാണ് വിവരം.

രണ്ട് ദിവസം മുന്‍പ് സമയക്രമത്തെ ചൊല്ലി ഉത്രാടം ഗ്രൂപ്പുമായി മറ്റ് ബസ് ജീവനക്കാര്‍ക്ക് പ്രശ്‌നം ഉണ്ടായിരുന്നു. പാളയത്ത് നിര്‍ത്തിയിട്ടിരുന്ന ഉത്രാടത്തിന്റെ ബസിന്റെ താക്കോല്‍ ഒരു ബസ് നടത്തിപ്പുകാരന്‍ ഊരിക്കൊണ്ട് പോവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങിയതില്‍ പൊലീസ് ഇടപെട്ട് ഇയാളില്‍ നിന്നും 7,000 രൂപ പിഴ ഈടാക്കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. ഉത്രാടം ഗ്രൂപ്പ് പൊലീസില്‍ പരാതി നല്‍കി. ബസ്സുകളുടെ സമയക്രമത്തില്‍ മത്സരയോട്ടവും തമ്മില്‍ തല്ലും തെറി വിളികളും നിത്യസംഭവമായിരിക്കുകയാണ്. യാത്രക്കാരാണ് ഇതില്‍ പ്രധാനമായും ബുദ്ധിമുട്ടിലായിരിക്കുന്നത്.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302