20 November, 2026 01:28:18 PM
പയ്യന്നൂരിൽ ഇന്റീരിയർ സ്ഥാപനത്തിൽ വൻ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

കണ്ണൂർ: പയ്യന്നൂർ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ഇന്റീരിയർ സ്ഥാപനത്തിൽ പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. സെൽവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള റ്റെസ്സ് വെൽ കുഷ്യൻ ആൻഡ് കർട്ടൻ വർക്ക്സ് എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ 1.20-ഓടെ തീപിടുത്തമുണ്ടായത്. അപകടത്തിൽ കടയിലുണ്ടായിരുന്ന സോഫകൾ, കുഷ്യൻ നിർമ്മാണത്തിനുള്ള മെഷീനുകൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. തീപിടുത്തമുണ്ടായ സമയത്ത് കടയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന റഷീദ് എന്നയാൾ പുകയും ചൂടും അനുഭവപ്പെട്ടതിനെത്തുടർന്ന് ഉണർന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പയ്യന്നൂർ ഫയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ മുറിയിൽ പ്രവർത്തിച്ചിരുന്ന ആർആർ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് തീ പടരുന്നത് അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ തടയാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തീപിടുത്തത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമികമായി കണക്കാക്കുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പിവി ദയാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പിപി ലിജു, പിവി ഷൈജു, എം അർജുൻ, ബി കണ്ണൻ, ഹോം ഗാർഡുമാരായ എം രാജീവൻ, കെഎം ഗോവിന്ദൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.


