12 November, 2026 01:26:47 PM
രണ്ടര മാസമുള്ള പ്രായമുള്ള കുഞ്ഞിന് രണ്ടാമതും ശസ്ത്രക്രിയ; പരിയാരം മെഡി കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയതില്‍ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി കുടുംബത്തിന്റെ പരാതി. ആദ്യ ശസ്ത്രക്രിയ അപൂര്‍ണമായി നിര്‍ത്തിയതിനെ തുടര്‍ന്ന് പത്ത് ദിവസത്തിനിടെ കുഞ്ഞിനെ രണ്ടാമതൊരു അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.
പാല്‍ കുടിക്കുമ്പോള്‍ തുടര്‍ച്ചയായി ഛര്‍ദിക്കുന്നതിനെ തുടര്‍ന്ന് ഒക്ടോബര്‍ 10നാണ് കുഞ്ഞിനെ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച ശേഷം അവിടെയുള്ള ഡോക്ടറാണ് പരിയാരത്തേയ്ക്ക് റഫര്‍ ചെയ്തത്. കുഞ്ഞിന്റെ ആമാശയത്തിലെ പൈലോറസ് പേശിയിലുള്ള തടിപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തി. എന്നാല്‍ ഈ ശസ്ത്രക്രിയ ശരിയായി നടത്താതെ ഡിസ്ചാര്‍ജ്ജ് നല്‍കിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
വീട്ടിലെത്തിയ ശേഷം കുഞ്ഞ് പാലും രക്തവും ഛര്‍ദ്ദിക്കുകയും ആരോഗ്യനില ഗുരുതരമാവുകയും ചെയ്തു. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാമതൊരു അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചതെന്ന് കുടുംബം വ്യക്തമാക്കി. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിനെതിരെ ആരോഗ്യ മന്ത്രിക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ അന്വേഷണ ബോര്‍ഡ് രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.


