19 November, 2026 01:37:06 PM


കോടതി വിധിയോടെ പൊളിഞ്ഞ് വീണത് മുസ്ലിം ലീഗിന്‍റെ ഗൂഢാലോചനാ സിദ്ധാന്തം- പി. ജയരാജൻ



എറണാകുളം: അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും സംസ്ഥാന സമിതി അംഗം ടി.വി. രാജേഷും. മുസ്ലിം ലീഗിന്‍റെയും പൊലീസിന്റെയും ഗൂഢാലോചനാ സിദ്ധാന്തമാണ് കോടതി വിധിയോടെ പൊളിഞ്ഞ് വീണതെന്ന് പി. ജയരാജൻ പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളാണ് കള്ളക്കേസുണ്ടാക്കി ഇത്രയും കാലം പ്രചരിപ്പിച്ചത്. കള്ളസാക്ഷി പറയാൻ കഴിയാത്തത് കൊണ്ടാണ് സാക്ഷികൾ വരാതിരുന്നതെന്നും പി. ജയരാജൻ പറഞ്ഞു. കേസ് ബോധപൂർവം കെട്ടിച്ചമച്ചതെന്നും ലീഗ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും ടി.വി. രാജേഷും പ്രതികരിച്ചു.

പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പടെ 18 പേരെയാണ് കോടതി വെറുതെ വിട്ടത്. 13 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി പി. ശബരീനാഥനാണ് വിധി പറഞ്ഞത്. പ്രതിപ്പട്ടികയിൽ പി. ജയരാജൻ 32ാം പ്രതിയും ടി.വി. രാജേഷ് 33ാം പ്രതിയുമാണ്.

കേസിൽ 14 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2012 ഫെബ്രുവരി 20 ന് ആണ് പ്രാദേശിക യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹനം തളിപ്പറമ്പ് അരിയിലിന് സമീപം വച്ച് ആക്രമിച്ചതിലെ പ്രകോപനമായിരുന്നു കാരണം എന്നായിരുന്നു കേസ്.

33 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ട് പേർ മരിച്ചതിനാൽ 31 പ്രതികളാണ് വിചാരണ നേരിട്ടത്.13 പേരെ കുറ്റക്കാരായി കണ്ടെത്തിയ കോടതി, പി.ജയരാജനും ടി.വി.രാജേഷും അടക്കം 18 പേരെ വെറുതെ വിട്ടു. ഇവർക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ പി. ശ്യാംജിത്തിന് എതിരെയും ഗൂഡാലോചനക്ക് തെളിവില്ലന്ന് കോടതി കണ്ടെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308