08 November, 2026 07:36:11 PM
തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്ക്; പിതാവിനെതിരെ കേസ്

കാസർകോട്: വീട്ടിൽ സൂക്ഷിച്ചിരുന്ന പിതാവിന്റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മകന് പരുക്കേറ്റു. പൂച്ചക്കാട് സ്വദേശി അഫാസ് അഹമ്മദിനാണ് പരുക്കേറ്റത്. 17കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിലിൽ തലയണയ്ക്കടിയിലായിരുന്നു പിതാവിന്റെ പേരിലുള്ള തോക്ക് സൂക്ഷിച്ചിരുന്നത്. തോക്ക് എടുത്ത് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർന്നെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.
സംഭവത്തിൽ പിതാവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. അശ്രദ്ധമായി തോക്ക് സൂക്ഷിച്ചതിനും അലക്ഷ്യമായി കൈകാര്യം ചെയ്തതിനുമാണ് കേസ്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


