09 October, 2026 10:15:52 AM
കാസർഗോഡ് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

കാസർഗോഡ്: ദേശീയപാതയിൽ കാസർഗോഡ് പുലർച്ചെയുണ്ടായ തുടർച്ചയായ അപകടത്തിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ കല്ലങ്കൈയിലാണ് ഇന്ന് പുലർച്ചെ 2:30 ഓടെ അപകട പരമ്പരയുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെ തൊട്ടുപിന്നാലെ എത്തിയ ലോറിയും, തുടർന്ന് മൂകാംബികയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകരുടെ ബസ്സും ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ചില്ലുകളിൽ തട്ടി പെട്ടെന്ന് ബ്രേക്ക് പിടിച്ച ഇരുചക്രവാഹനം മറിഞ്ഞ് ഒരു യാത്രക്കാരന് പരിക്കേറ്റു. അപകടത്തിൽ തകർന്ന ബസ്സിന്റെ മുൻവശത്തെ വാതിൽ അടഞ്ഞുപോയതിനെ തുടർന്ന് യാത്രക്കാർ അകത്തു കുടുങ്ങി. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന എമർജൻസി ഡോറിലൂടെ ഏണി ഉപയോഗിച്ചാണ് ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.


