28 October, 2026 01:51:06 PM


ഉടമയെ ഏൽപ്പിക്കാൻ സ്റ്റേഷനിൽ സൂക്ഷിച്ച ഫോൺ പോലീസുകാരൻ അടിച്ചുമാറ്റി വിറ്റു; കേസ്



ചന്തേര : റോഡരികിൽനിന്നു കിട്ടി, അതിഥിത്തൊഴിലാളി സ്റ്റേഷനിൽ ഏൽപിച്ച മൊബൈൽ ഫോൺ പൊലീസുകാരൻ മോഷ്ടിച്ചു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലാണ് സംഭവം. ആരുമറിയാതെ കൈക്കലാക്കിയ മൊബൈൽ ഫോൺ പൊലീസുകാരൻ മറിച്ചുവിറ്റെന്നാണ് പരാതി. സിസിടിവി ദൃശ്യം പരിശോധിച്ചതിൽ നിന്നാണ് കളവ് പുറത്തായത്. ഫോൺ മോഷ്ടിച്ച് വിൽപ്പന നടത്തിയെന്ന പരാതിയിൽ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) ബൈജുവിനെതിരെ കേസെടുത്തു.

ഒക്ടോബർ എട്ടിനാണ് സ്റ്റേഷന് സമീപത്തെ വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ10,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചത്. തുടർന്ന് പാറാവ് ബുക്കിൽ രേഖപ്പെടുത്തിയ ശേഷം ഫോൺ സ്റ്റേഷനിൽ സൂക്ഷിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ പയ്യന്നൂർ രാമന്തളി സ്വദേശിനിയുടേതാണെന്ന് കണ്ടെത്തി. ഉടമയെ വിവരമറിയിച്ചപ്പോൾ അടുത്ത ദിവസം തന്നെ സ്റ്റേഷനിലെത്തി ഫോൺ കൈപ്പറ്റാമെന്ന് അവർ അറിയിച്ചു.

എന്നാൽ ഒരാഴ്ചയ്ക്കുശേഷം ഉടമയുടെ മകൻ ഫോൺ വാങ്ങാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് മേശയിൽ സൂക്ഷിച്ചിരുന്ന ഫോൺ കാണാതായ വിവരം പുറത്തറിയുന്നത്. ഫോൺ കണ്ടെത്തി വിവരം അറിയിക്കാമെന്ന് പറഞ്ഞ് പൊലീസ് ഇയാളെ തിരിച്ചയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോൺ മോഷ്ടിച്ച് മറിച്ചുവിറ്റ കാര്യം പുറത്തുവന്നത്.
ഫോണിന്റെ ഐഎംഇഐ നമ്പർ പരിശോധിച്ചപ്പോഴാണ് ലൊക്കേഷൻ ബദിയടുക്ക ടൗണിലാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ നീർച്ചാൽ സ്വദേശിയെ മൊബൈൽ ഫോണുമായി കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതോടെ ഫോൺ പൊലീസുകാരനിൽ നിന്ന് വാങ്ങിയതെന്ന് വ്യക്തമാവുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925