03 October, 2026 09:24:02 AM
കാസർകോട് കുഴൽ കിണർ നിർമ്മാണ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് 2 പേർക്ക് ദാരുണാന്ത്യം

കാസർഗോഡ്: കുഴൽക്കിണർ നിർമ്മാണ വാഹനം നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് വെസ്റ്റ് എളേരി വരക്കാട്ടിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത് .
വരക്കാട് ബാങ്കിന് സമീപമുള്ള കുത്തനെയുള്ള വലിയ ഇറക്കത്തിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിന് താഴെ ജെയ്സണും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുകളിലേക്ക് മറിയുകയുമായിരുന്നു. പോൾ ഫ്രാൻസിസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. അപകട സമയത്ത് ചൂട് കൂടുതലായതിനാൽ ജെയ്സണും കുടുംബവും വീടിന്റെ ഹാളിനകത്താണ് ഉറങ്ങിയിരുന്നത്. ട്രാക്ടറിന്റെ ക്രെയിൻ ഭാഗം ടെറസിൽ തട്ടിനിന്നതിനാലും കുടുംബാംഗങ്ങൾ ഹാളിലായിരുന്നതിനാലും വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും വാഹനത്തിനടിയിൽപ്പെട്ടവരെ പുറത്തെടുക്കുകയും ചെയ്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവർക്കും സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടമായിരുന്നു. മൃതദേഹങ്ങൾ തുടർനടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


