10 November, 2026 01:27:58 PM
മട്ടന്നൂരിൽ അമ്മയും മകനും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ

മട്ടന്നൂർ: മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. നവീൻ കൃഷ്ണ (21), അമ്മ ജ്യോതി (56) എന്നിവരാണ് മരിച്ചത്. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ 'നന്ദനം' എന്ന വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തലശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒൻപതരയോടെയാണ് സംഭവം നടക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ച അധ്യാപികയാണ് ജ്യോതി. ഇവരുടെ ഭർത്താവ് രാജേന്ദ്രൻ റിട്ട. കെഎസ്ഇബി. ജീവനക്കാരനാണ്. അദ്ദേഹം രാവിലെ ടൗണിൽ പോയി മടങ്ങിവന്നപ്പോഴാണ് വീടിനുള്ളിൽ ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


